എന്താണ് പ്ലാസ്റ്റിക് സർജറി?
പ്ലാസ്റ്റിക് സർജറി എന്നത് ഒരു സ്പെഷ്യൽറ്റിയാണ്. സാധാരണക്കാരിൽ ഇതിന്റെ സാധ്യതകളെക്കുറിച്ച് പല തെറ്റിദ്ധാരണകളും നിലനിൽക്കുന്നു. ഒരു പ്ലാസ്റ്റിക് സർജനെന്ന നിലയിൽ, പ്ലാസ്റ്റിക് സർജറിയിലൂടെ എന്തൊക്കെ സാധ്യമാണെന്ന അറിവില്ലായ്മ പലരിലും കണ്ടിട്ടുണ്ട്. ഒരുപക്ഷെ, പേരിലുള്ള "പ്ലാസ്റ്റിക്" ആകാം ഈ ആശയക്കുഴപ്പങ്ങളെല്ലാം സൃഷ്ടിക്കുന്നത്. ബക്കറ്റും, മഗ്ഗുമെല്ലാം നിർമ്മിക്കാനുപയോഗിക്കുന്ന ഒരു സിന്തറ്റിക് വസ്തുവായിട്ടാണ് നാമെല്ലാം പ്ലാസ്റ്റിക്കിനെ മനസ്സിലാക്കുന്നത്. ഇവയിൽ പലതും പരിസ്ഥിതി മലിനീകരണത്തിനും ഹേതുവാകുന്നു. ഇതെല്ലാംകൂടിചേർന്ന്, ചില അബദ്ധധാരണകൾ മനസ്സിലുണ്ടായേക്കാം.
എന്തുകൊണ്ട് "പ്ലാസ്റ്റിക്" സർജറി?
"പ്ലാസ്റ്റിക്കോസ്" എന്ന ഗ്രീക്ക് പടത്തിൽ നിന്നാണ് പ്ലാസ്റ്റിക് ഉണ്ടാകുന്നത്. "രൂപം നൽകുക", "വാർത്തെടുക്കുക" എന്നിങ്ങനെയാണ് ഈ പദത്തിന്റെ അർഥം. അതാണ് പ്ലാസ്റ്റിക് സർജറിയുടെ ദൗത്യവും. - രൂപം നൽകുക. അതാണീ പേരിനു പിന്നിലുള്ള പൊരുൾ. അല്ലാതെ, ബക്കറ്റ്-മഗ്ഗ് നിർമാണത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക്കുമായി ഇതിനു യാതൊരു ബന്ധവുമില്ല.
പ്ലാസ്റ്റിക് സർജറിയിലൂടെ എങ്ങനെയാണ് രൂപം നൽകുന്നത്/മെച്ചപ്പെടുത്തുന്നത്?
ഇതിനായി പല രീതികളുണ്ട്. ഒഴിവാക്കാവുന്നതോ, അത്യാവശ്യമില്ലാത്തതോ ആയ ഒന്നിൽ നിന്ന്, മറ്റൊന്നിനെ നിർമിച്ചെടുക്കലാണിത്. പ്ലാസ്റ്റിക് സർജറിയെ രണ്ടായി തരം തിരിക്കാം- കോസ്മെറ്റിക് സർജറിയും, റീകൺസ്ട്രക്റ്റീവ് സർജറിയും. കോസ്മെറ്റിക് സർജറിയിലൂടെ കാഴ്ചയിലെ രൂപം മെച്ചപ്പെടുത്തുമ്പോൾ, റീകൺസ്ട്രക്റ്റീവ് സർജറിയിലൂടെ അവയവത്തെ പ്രവർത്തനക്ഷമമാക്കുന്നു. രണ്ടായി തോന്നിക്കുമെങ്കിലും ഇവ രണ്ടും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നു. കോസ്മെറ്റിക് സർജറികളിൽ റീകൺസ്ട്രക്റ്റീവ് ഘടകങ്ങളും കടന്നുവരാറുണ്ട്. അതുപോലെ തന്നെ ഒരു നല്ല റീകൺസ്ട്രക്റ്റീവ് സർജറി ഫലത്തിൽ കോസ്മെറ്റിക് സർജറിയുടേതായ ഗുണങ്ങളും പ്രകടമാക്കും.
മറ്റു സർജിക്കൽ സ്പെഷ്യൽറ്റികളിൽ നിന്നുള്ള വ്യത്യാസം?
ഒരു സർജിക്കൽ സ്പെഷ്യൽറ്റി ആയതുകൊണ്ടുതന്നെ വ്യത്യാസത്തെക്കാളേറെ മറ്റുള്ളവയുമായി സാമ്യമാണുള്ളത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെയാണ് പ്ലാസ്റ്റിക് സർജറി തുടങ്ങുന്നത്. ശ്രമകരമായ വളരെയധികം സ്പെഷ്യൽറ്റികൾ ഒരുമിച്ചാണ് അക്കാലം വരെ തുടർന്നിരുന്നത്. എന്നാൽ, ഇവയിൽ പല പ്രശ്നങ്ങൾക്കും നൂതനമായ പരിഹാരങ്ങളും, വേറിട്ട ശേഷിയും ആവശ്യം വന്നു. പ്രശ്നപരിഹാരത്തിലൂന്നിയുള്ള ഒരു സമീപനം പ്ലാസ്റ്റിക് സർജറിയുടെ അത്യാവശ്യഘടകമാണ്. ഒരു ശരീരഭാഗത്തിനോ, അവയവത്തിനോ മാത്രമായുള്ളതല്ല പ്ലാസ്റ്റിക്സർജറി. പല അവയവങ്ങൾക്കും, ശരീരഭാഗങ്ങൾക്കും പ്ലാസ്റ്റിക് സർജറി ആവശ്യമായി വരുന്നതിനാൽ ഞങ്ങൾ മറ്റു സ്പെഷ്യൽറ്റികളിലെ സർജന്മാരുമായിച്ചേർന്നു പ്രവർത്തിക്കാറുണ്ട്.
ബ്ലോഗിൻ്റെ ആവശ്യം?
ഒരു പ്ലാസ്റ്റിക് സർജനെന്ന നിലയിൽ, ഈ മേഖലയെക്കുറിച്ചുള്ള വളരെയധികം മിത്തുകളും, കെട്ടുകഥകളും ഞാൻ കാണുവാനിടയായി. പ്ലാസ്റ്റിക് സർജറിയെക്കുറിച്ച് അറിവ് പകർന്നു നൽകുന്ന ഒട്ടനവധി സൈറ്റുകൾ ഇംഗ്ലീഷിൽ ലഭ്യമാണ്. എന്നിരുന്നാലും, ഞാൻ ചികിത്സിക്കുന്ന മിക്കപേരും മലയാളത്തിൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്നു. ഈ ആവശ്യത്തെ മുൻനിർത്തിയാണ് ഇങ്ങനെയൊരു ബ്ലോഗ് എഴുതുന്നത്.പ്ലാസ്റ്റിക് സർജറിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ കാലക്രമേണ ഇതിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്. നിത്യജീവിതത്തിൽ ഞങ്ങളേറ്റവും കൂടുതൽ ചെയ്യുന്ന സർജറികൾ/ പ്രൊസീജറുകൾ എന്നിവയെക്കുറിച്ചാകും ഇവിടെയെഴുതുക.
ഇംഗ്ലീഷിൽ അറിയുവാൻ താല്പര്യപ്പെടുന്നവർ ദയവായി ഈ വെബ്സൈറ്റ് സന്ദർശിക്കുക: www.amicusclinic.in